വളർച്ചാ നിരക്ക്​ പുനർനിർണയിച്ചു; പലിശ നിരക്കുകളിൽ മാറ്റമില്ല

ന്യൂഡല്‍ഹി: റിപോ നിരക്കില്‍ ഒരു മാറ്റവും വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ-വായ്പ നയം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പണഞെരുക്കം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് റിപോ നിരക്ക് (റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പക്ക് ഈടാക്കുന്ന പലിശ) നിലവിലെ 6.25ല്‍ തുടരുമെന്ന്  കേന്ദ്ര ബാങ്ക്  പ്രഖ്യാപിച്ചത്.

റിപോ നിരക്ക് മാറാത്തത്  ബാങ്ക് വായ്പ പലിശനിരക്ക് അതേപടി തുടരാന്‍ ഇടയാക്കും. നോട്ട് അസാധുവാക്കലിനുശേഷമുള്ള ആദ്യ  അവലോകനത്തില്‍ റിപോ നിരക്ക് കുറക്കാത്തത് അപ്രതീക്ഷിതമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍.

സെപ്റ്റംബറില്‍  ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണറായി സ്ഥാനമേറ്റയുടന്‍ രൂപവത്കരിച്ച സാമ്പത്തികസമിതിയുടെ രണ്ടാം നയ അവലോകനമാണിത്.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് റിപോ നിരക്ക്  നിലവിലെ 6.25ല്‍തന്നെ നിശ്ചയിച്ചത്. അടിസ്ഥാന നിരക്കില്‍ 0.25ന്‍െറ കുറവ് വരുത്തി റിപോ ആറു ശതമാനത്തില്‍ നിശ്ചയിക്കുമെന്നായിരുന്നു നേരത്തേയുണ്ടായ വിലയിരുത്തല്‍.

അതേസമയം, കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍-ബാങ്കുകള്‍ അവയുടെ നിക്ഷേപത്തിന് ആനുപാതികമായി സൂക്ഷിക്കേണ്ട പണത്തിന്‍െറ അനുപാതം) നാലു ശതമാനത്തില്‍ തുടരും.  2017 സാമ്പത്തികവര്‍ഷത്തിന്‍െറ നാലാംപാദത്തില്‍ പണപ്പെരുപ്പനിരക്ക് ഏകദേശം അഞ്ചു ശതമാനമായിരിക്കുമെന്ന് ആര്‍.ബി.ഐ നിരീക്ഷിക്കുന്നു. ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) 2016-17ല്‍ നേരത്തേ കണക്കാക്കിയിരുന്ന 7.6ല്‍നിന്ന് 7.1 ആയി കുറയാനാണ് സാധ്യത.

റിപോ നിരക്കില്‍ കുറവ് വരുത്തിയിരുന്നെങ്കില്‍ ബാങ്കുകളുടെ വായ്പ പലിശനിരക്ക് കുറയുമായിരുന്നു. കുറച്ചു നാളുകളായി ആഭ്യന്തര മൊത്ത ഉല്‍പാദനത്തേക്കാള്‍ പണപ്പെരുപ്പ കേന്ദ്രീകൃത വായ്പനയത്തിനാണ് ആര്‍.ബി.ഐ ഊന്നല്‍ നല്‍കുന്നത്. നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടപ്പോഴും കേന്ദ്രബാങ്ക് നയത്തില്‍ മാറ്റം വരുത്തിയില്ളെന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരിപ്പിച്ചു. നോട്ട് അസാധുവാക്കല്‍ തിരക്കിട്ട് എടുത്ത തീരുമാനമല്ളെന്നും കറന്‍സി വിതരണം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.

Tags:    
News Summary - RBI lowers GDP growth rate, keep interest rates unchanged at 6.25%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.